Apr 6, 2014

വൈറല്‍ ക്രൈം: ഒരു ന്യൂജനറേഷന്‍ ഹിറ്റ്‌ഇത്‌ എല്ലാം വൈറലാകുന്ന കാലമാണ്‌. വൈറല്‍ ഹിറ്റുകളുടെ കാലം. വളരെ പെട്ടെന്ന്‌ വ്യാപകമാകുന്നത്‌ എന്നേ വൈറല്‍ എന്ന വാക്കിന്‌ അര്‍ത്ഥമുള്ളൂ. വൈറല്‍ ഹിറ്റുകളുടെ വാര്‍ത്തകളാണ്‌ സോഷ്യല്‍ മീഡിയക്ക്‌ പുറത്തും. ഏറ്റവും കൂടുതല്‍ പേര്‍ ലൈക്ക്‌ ചെയ്യുകയും കമന്റെഴുതുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന പോസ്റ്റാണ്‌ വൈറല്‍ ഹിറ്റ്‌. സോഷ്യല്‍ മീഡിയകളിലെ വൈറല്‍ ഹിറ്റുകള്‍ അതുപയോഗിക്കാത്ത കുട്ടികളുടെ നാവിന്‍തുമ്പിലുമെത്തും. അതാണ്‌ ലോകം. `മാഹീത്തെ പെമ്പിള്ളാരെ കണ്ട്‌ക്കാ' എന്ന്‌ കുട്ടികള്‍ പാടുന്നതും `അടുക്കളയില്‍ പാടിയ' ചന്ദ്രലേഖ പാട്ടുകാരിയായതും സന്തോഷ്‌ പണ്ഡിറ്റ്‌ സിനിമക്കാരനായതും വൈറല്‍ ഹിറ്റുകളിലൂടെയാണ്‌.
എന്നാല്‍ സൈബര്‍ ലോകത്ത്‌ വളരെ വേഗത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്നത്‌ ഹിറ്റുകളല്ല, ക്രൈം ആണ്‌. സൈബര്‍ ക്രൈം. ഈ വ്യാപനത്തെ `വൈറല്‍ ക്രൈം' എന്ന്‌ പറയാമോ എന്നറിയില്ല. 

സോഷ്യല്‍ മീഡിയ തുറന്നിടുന്ന വലിയ സാധ്യതകളുണ്ട്‌. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്‌ത വാര്‍ത്തകളെയും സംഭവങ്ങളെയും സജീവ ചര്‍ച്ചയാക്കാന്‍ ഈ സാധ്യതകള്‍ ഉപയോഗപ്പെട്ടിട്ടുണ്ട്‌. മാധ്യമ ജാഗ്രത ഏറെയുള്ള കേരളത്തില്‍ ഇതിനൊന്നും പ്രസക്തിയില്ലെന്നായിരുന്നു ധാരണ. എന്നാല്‍ ഏറ്റവും അവസാനം മാതാ അമൃതാനന്ദമയിയുടെ ആശ്രമവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ വാര്‍ത്തയായതും ചര്‍ച്ചയായതും സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളിലൂടെയാണ്‌. 
എന്നാല്‍ ഇത്തരം സാധ്യതകള്‍ക്കിടയിലാണ്‌ അപകട ചുഴികളുടെ ഒളിഞ്ഞിരിപ്പ്‌. കൊതിപ്പിക്കുന്ന ചിത്രങ്ങളാലും ലിങ്കുകളാലും അവ ഉപഭോക്താവിനെ പ്രലോഭിപ്പിച്ചടുപ്പിച്ചുകൊണ്ടിരിക്കും. ഈ ചുഴിയില്‍ പെട്ടവരില്‍ ഭൂരിഭാഗവും തങ്ങള്‍ക്കു പറ്റിയ അമളി പുറംലോകമറിയാതെ ഒളിപ്പിച്ചുവെക്കുന്നതിനാല്‍ ചതിയിടങ്ങളെക്കുറിച്ച്‌ പുറംലോകം അറിയാതെ പോകുന്നു.

കടന്നാ കുടുങ്ങി അഥവാ ഇന്റര്‍`നെറ്റ്‌' റോഡ്‌

മലപ്പുറത്ത്‌ ഒരു റോഡിന്റെ പേര്‌ `കടന്നാ കുടുങ്ങി' എന്നാണ്‌. ആ ഇടുങ്ങിയ റോഡിലേക്ക്‌ കയറിയാല്‍ കുടുങ്ങി എന്നര്‍ത്ഥം. ഇന്റര്‍നെറ്റിന്റെ ലോകം ഒരു `കടന്നാല്‍ കുടുങ്ങി റോഡു'പോലെയാണെന്ന്‌ തോന്നാറുണ്ട്‌. വളരെ വിശാലമായ ഈ റോഡില്‍ പക്ഷേ ഒളിഞ്ഞിരിക്കുന്ന അപകടവളവുകള്‍ ഏറെയാണ്‌. വേണ്ടത്ര ജാഗ്രതയില്ലാത്ത ഒരു യാത്രക്കാരന്‌ ഏതു സമയവും അപകടം സംഭവിച്ചേക്കാം. ഈ സംവിധാനത്തിന്‌ ആരാണാവോ ഇന്റര്‍`നെറ്റ്‌' എന്ന്‌ പേരിട്ടത്‌. നെറ്റ്‌ എന്ന്‌ പറഞ്ഞാല്‍ വല, കുടുക്ക്‌ എന്നൊക്കെ അര്‍ത്ഥം. ഇതൊരു ലഹരിയാണ്‌ ചിലര്‍ക്ക്‌. ഇരുപത്തിനാലുമണിക്കൂറും മൊബൈല്‍ ഫോണില്‍ വിരലു ചലിപ്പിച്ച്‌ പുതുതലമുറയിലെ വലിയൊരു വിഭാഗം ഈ ഉന്മാദത്തെ കൊണ്ടാടുന്നു, അപകടകരമായ നിലയില്‍ തന്നെ.

ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളുടെ എണ്ണം ദിനം പ്രതി ഏറിക്കൊണ്ടിരിക്കുകയാണ്‌. 35 വയസ്സിനു താഴെയുള്ളവരാണ്‌ ഇന്റര്‍നെറ്റിന്‌ മുന്നില്‍ സമയം കളയുന്നവരിലേറെയും. യുവാക്കളും കൗമാര പ്രായത്തിലുള്ളവരും അവരുടെ ജീവിതത്തിന്റെ വലിയൊരു സമയം ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്നുണ്ട്‌. മൊബൈല്‍ ഫോണില്‍ കൂടി ഇന്റര്‍നെറ്റ്‌ സാധ്യമായതോടെ അതിന്റെ അളവും കൂടി. എന്തിനുവേണ്ടിയാണ്‌ ഇവര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നത്‌ എന്ന ആലോചനക്ക്‌ പ്രസക്തിയുണ്ട്‌. ക്രിയാത്മകവും രചനാത്മകവുമായി ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നവര്‍ എത്രപേരുണ്ടാവും. 
സോഷ്യല്‍നെറ്റ്‌ വര്‍ക്ക്‌ സൈറ്റുകളിലും മറ്റും അലക്ഷ്യമായി അലഞ്ഞു നടക്കുന്നവരാണേറെയും. ഇന്റര്‍നെറ്റ്‌ മനുഷ്യരെ അലസരും നിഷ്‌ക്രിയരുമാക്കുന്നുണ്ടോ എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്‌. 


അപകടക്കെണിയൊരുക്കി ഓണ്‍ലൈന്‍ വിപണി

ഇന്റര്‍നെറ്റ്‌ ഉപയോഗത്തിലെ മര്യാദകള്‍ എന്തെന്ന്‌ പലര്‍ക്കുമറിയില്ല. അതു പഠിപ്പിക്കുന്ന ക്ലാസുകളും പരിശീലന പരിപാടികളും ആരും സംഘടിപ്പിക്കാറുമില്ല. ഇന്ന്‌ മതപ്രബോധനം എന്ന പേരില്‍ നടക്കുന്നതുപോലും അശ്ലീലതകളായിരിക്കുന്നു. തമ്മില്‍ തല്ലും സഭ്യമല്ലാത്ത വാക്കുകളിലൂടെ ഇതര വിശ്വാസ, ആദര്‍ശക്കാരെ പരിഹസിക്കലുമാണ്‌ `ന്യൂജനറേഷന്‍ മത പ്രബോധനം'. ഇതില്‍ `വിരുതാനന്തര വിരുതുള്ള' കുറേ പണ്ഡിറ്റുകളുമുണ്ട്‌. തെറി, തെറിപ്രസംഗം എന്നൊക്കെ നെറ്റില്‍ സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടുന്ന റിസള്‍ട്ട്‌ ചില `മഹാപ്രതിഭകളുടെ' ഇസ്‌ലാമിക പ്രഭാഷണങ്ങളാണെന്ന്‌ വന്നിരിക്കുന്നു. ഇത്‌ ചെറിയ അപചയമല്ല. മതപരമായ വിഷയങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ പലപ്പോഴും വിരസമായിത്തീരുന്നുണ്ട്‌. ആഴത്തിലുള്ള അറിവും വ്യക്തമായി പ്രതികരിക്കാന്‍ കഴിവുള്ളവരുടെ അഭാവവുമാണ്‌ മതചര്‍ച്ചകള്‍ അങ്ങാടിവര്‍ത്തമാനങ്ങളാവാന്‍ കാരണം. അറിവും കാഴ്‌ചപ്പാടുമുള്ളവരുടെ അസാന്നിധ്യം മുറിവൈദ്യന്‍മാരുടെ ആളെക്കൊല്ലല്‍ ചികിത്സക്കാണ്‌ വഴിയൊരുക്കുന്നത്‌. 
ഒളിഞ്ഞുനോട്ടക്കാരന്റെ മനോനിലയിലാണ്‌ പലരും ഇന്റര്‍നെറ്റില്‍ മൗസ്‌ ചലിപ്പിക്കുന്നത്‌. കണ്ടതെന്തും മൊബൈല്‍ക്യാമറയില്‍ പകര്‍ത്തുകയും പകര്‍ത്തിയതെല്ലാം യൂടൂബിലോ ഫെയ്‌സ്‌ബുക്കിലോ വാട്‌സ്‌ അപ്പിലോ അപ്‌ലോഡ്‌ ചെയ്‌തും ആത്മരതിയനുഭവിക്കുകയാണ്‌ ചിലര്‍. 

നവമാധ്യമങ്ങള്‍ അനുവദിച്ചു തരുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗപ്പെടുത്തുകയാണ്‌ നാം. മറ്റുള്ളവരുടെ സ്വകാര്യതകളിലേക്ക്‌ ഒളിഞ്ഞുനോക്കാനും അതു പരസ്യപ്പെടുത്താനും ആരാണ്‌ നമുക്ക്‌ സ്വാതന്ത്ര്യം തന്നത്‌. രതിയും കപടആത്മീയതയുമാണ്‌ ഇന്റര്‍നെറ്റിനകത്തെയും വലിയ വിപണി സാധ്യതകള്‍. സൈബര്‍സെക്‌സ്‌ ഒരു മനോരോഗമായി വളര്‍ന്നിരിക്കുന്നു. ശരിയായ ലൈംഗികവിദ്യാഭ്യാസത്തിന്റെ കുറവും വികലമായ കാഴ്‌ചപ്പാടുകളും സൈബര്‍ സെക്‌സിനെ സജീവമാക്കുന്നുണ്ട്‌. ഇത്‌ ദാമ്പത്യ- കുടുംബ ജീവിതത്തെ ഗുരുതരമായി ബാധിക്കുകയും അതിന്റെ പരിണത ഫലങ്ങള്‍ സാമൂഹിക ജീവിതത്തില്‍ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്‌. കപട ആത്മീയക്കാരുടെ `ഉല്‍പന്നങ്ങള്‍' വിറ്റഴിക്കാനുള്ള ഇടം കൂടിയാണിന്ന്‌ ഇന്റര്‍നെറ്റ്‌. മനോബലം നഷ്‌ടപ്പെട്ട ജനങ്ങളെയാണ്‌ ആത്മീയ വാണിഭക്കാര്‍ ചൂണ്ടയിട്ടുപിടിക്കുന്നത്‌. 

സൈബര്‍ ക്രൈം

പരമ്പരാഗത സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളായ മോഷണം, വ്യാജരേഖ ചമക്കല്‍, വഞ്ചന, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയവ കമ്പ്യൂട്ടറുമായോ കമ്പ്യൂട്ടര്‍ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കുമ്പോള്‍ അവയെ സൈബര്‍ ക്രൈം അഥവാ സൈബര്‍ കുറ്റകൃത്യം എന്നാണ്‌ വിളിക്കുന്നത്‌. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ്‌ ഈ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട്‌ നിയമനടപടികള്‍ സ്വീകരിക്കുക. ഒന്നു മുതല്‍ പത്ത്‌ വര്‍ഷം വരെ തടവും ഒരു ലക്ഷം രൂപ മുതല്‍ അഞ്ചു കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്‌.

ഒരു കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടര്‍ ശൃംഖലയിലേക്കോ വൈറസിനെ കടത്തിവിടുക, ഹാക്കിങ്ങ്‌ നടത്തുക മുതലായവ കമ്പ്യൂട്ടറിനെ ലക്ഷ്യമിട്ടുള്ള കുറ്റകൃത്യങ്ങളാണ്‌. ക്രെഡിറ്റ്‌കാര്‍ഡ്‌ തട്ടിപ്പുകള്‍, അശ്ലീലചിത്രങ്ങളുടെയും വീഡിയോകളുടെയും പ്രചാരണം, സൈബര്‍ തീവ്രവാദം തുടങ്ങിയവയൊക്കെ കമ്പ്യൂട്ടറിന്റെ സഹായത്തോടെ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ പെടുന്നു.
സൈബര്‍ ക്രൈമില്‍ ഇരകളാകുന്നതിന്റെ പ്രധാന കാരണം ഇന്റര്‍നെറ്റ്‌ ഉപയോഗത്തെക്കുറിച്ച്‌ വ്യക്തമായ ധാരണകളില്ലത്തതാണ്‌. ചാറ്റിങ്‌, ഹാക്കിങ്ങ്‌, സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളിലൂടെ പണം തട്ടിയെടുക്കല്‍ തുടങ്ങി സൈബര്‍ ക്രൈം പലതരത്തിലുണ്ട്‌. അറിഞ്ഞും അറിയാതെയും നാം ഇരകളാവുകയോ അക്രമിയെ സഹായിക്കുകയോ ചെയ്യുന്നുണ്ട്‌. 

കേരളത്തിലെ വര്‍ധിച്ചുവരുന്ന ആത്മഹത്യ നിരക്കിന്‌ ചെറുതല്ലാത്ത ഒരു കാരണം സൈബര്‍ ക്രൈം ആണ്‌. പത്രങ്ങളില്‍ കാണുന്ന ആത്മഹത്യ വാര്‍ത്തകളുടെ സത്യം തേടിചെന്നാല്‍ സൈബര്‍ ക്രൈമിന്റെ ഇരുട്ടറയിലേക്കാവും നാം എത്തിച്ചേരുക. എറണാകുളത്തും കോഴിക്കോടും അടുത്തിടെ രണ്ടുപെണ്‍കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്‌ വന്ന വാര്‍ത്തകള്‍ അതിനുദാഹരണമാണ്‌.
ഓണ്‍ലൈനില്‍ സജീവമായ പ്രായപൂര്‍ത്തിയായ വ്യക്തികളില്‍ പത്തില്‍ ഏഴുപേര്‍ സൈബര്‍ക്രൈമിന്‌ ഇരകളായിക്കൊണ്ടിരിക്കുന്നു എന്നാണ്‌ കണക്ക്‌. വളരെ അശ്രദ്ധയോടെയാണ്‌ അധികപേരും ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ഉപയോഗിക്കുന്നത്‌. സോഷ്യല്‍ മീഡിയകളിലെ ലിങ്കുകള്‍ പരിശോധിക്കാതെയാണ്‌ അധിക പേരും ഷെയര്‍ ചെയ്യുന്നത്‌. അതിന്റെ യഥാര്‍ത്ഥ ഉറവിടമോ ലക്ഷ്യമോ വിശ്വാസ്യതയോ പലരും നോക്കാറില്ല. യാതൊരു പരിചയവുമില്ലാത്തവരെ സോഷ്യല്‍ മീഡിയയില്‍ സുഹൃത്തുക്കളാക്കുന്നതിലെ അപകടത്തെക്കുറിച്ച്‌ പലര്‍ക്കും അറിവില്ല. സുന്ദരികളായ യുവതികളുടെ പ്രൊഫൈലില്‍ നിന്ന്‌ വരുന്ന സ്വകാര്യമെസേജുകള്‍ക്ക്‌ പ്രതികരിച്ച്‌ പണവും മാനവും പോയവര്‍ കുറവല്ല. പെണ്‍ചിത്രങ്ങളിലും പെണ്‍പേരിലുമുള്ള പ്രൊഫൈലുകള്‍ക്ക്‌ പിന്നില്‍ ആണ്‍കള്ളന്‍മാരായിരിക്കുമെന്ന കരുതല്‍ നല്ലതാണ്‌. സെറ്റിംഗുകള്‍ പ്രൈവറ്റ്‌? ആക്കുന്നതാണ്‌ സുരക്ഷിതം. പല പ്രൊഫൈലുകളും വ്യാജമാകാം. പോസ്റ്റിടുന്നതും പ്രതികരിക്കുന്നതും ശ്രദ്ധിച്ചുവേണം. അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക്‌ ചെയ്‌താല്‍ നിങ്ങളുടെ പ്രൊഫൈല്‍ തന്നെ ഹാക്‌ ചെയ്‌തേക്കാന്‍ സാധ്യതയുണ്ട്‌. ഫോട്ടോകളില്‍ മറ്റുള്ളവരെ ടാഗ്‌ ചെയ്യുമ്പോള്‍ അവരുടെ അനുവാദം വാങ്ങണമെന്ന്‌ എത്രപേര്‍ക്കറിയാം.സൈബര്‍ ആക്രമണങ്ങളില്‍ നിന്ന്‌ രക്ഷപ്പെടാന്‍

അജ്ഞാതമായ ഇടങ്ങളില്‍ നിന്ന്‌ വരുന്ന ഇമെയിലും അവയുടെ കൂടെ വരുന്ന ഫയലുകളും തുറക്കാതിരിക്കുക. ഊഹിച്ചെടുക്കാന്‍ പ്രയാസമുള്ള പാസ്സ്‌വേര്‍ഡ്‌ ഉപയോഗിക്കുക. പാസ്സ്‌വേര്‍ഡ്‌ പങ്കിടാതിരിക്കുകയും ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുക. കമ്പ്യൂട്ടറും മൊബൈല്‍ ഫോണും അപരിചിതരുമായി പങ്കിടരുത്‌. സുപ്രധാനമായ വിവരങ്ങള്‍ നെറ്റ്‌ കഫെകളില്‍ നിന്ന്‌ അയക്കുകയോ സ്വീകരിക്കുകയോ ചെയ്യാതിരിക്കുക. അറിയുന്നവരെ മാത്രം സുഹൃദ്‌ വലയത്തില്‍ ചേര്‍ക്കുക. മാന്യമല്ലാത്ത സന്ദേശങ്ങള്‍ മൊബൈലില്‍ നിന്നും മായ്‌ച്ചു കളയുക. ഓണ്‍ലൈനില്‍ എന്ത്‌ എഴുതിയാലും അത്‌ സ്വകാര്യമല്ലെന്നും എല്ലാവര്‍ക്കും കാണാവുന്നതാണെന്നും ഡിലീറ്റു ചെയ്‌താലും ആത്യന്തികമായി മാഞ്ഞുപോകുന്നില്ലെന്നും ഓര്‍ക്കുക. പരിചിതമല്ലാത്ത ഈമെയിലില്‍ വരുന്ന ലിങ്കുകളില്‍ അപകടം ഒളിഞ്ഞിരിപ്പുണ്ടാവുമെന്ന്‌ ഓര്‍ക്കുക. 

മൊബൈല്‍ ക്യാമറ ഉപയോഗിച്ച്‌ മറ്റു വ്യക്തികളുടെ ചിത്രങ്ങള്‍ അവരുടെ അനുവാദമില്ലാതെ എടുക്കുന്നത്‌ ശിക്ഷാര്‍ഹമാണ്‌. അപരിചിതമായ നമ്പറിലേക്ക്‌ മിസ്സ്‌ഡ്‌ കാള്‍ നല്‍കരുത്‌. അത്‌ എത്തുന്നത്‌ തെറ്റായ നമ്പറില്‍ ആണെങ്കില്‍ അവര്‍ നിങ്ങള്‍ക്കെതിരെ പരാതി നല്‍കിയേക്കാം. നിങ്ങള്‍ക്ക്‌ ലഭിക്കുന്ന എല്ലാ മെസ്സേജുകളും മറ്റുള്ളവര്‍ക്ക്‌ ഫോര്‍വേഡ്‌ ചെയ്യരുത്‌, അതില്‍ തീവ്രവാദികളുടെ സന്ദേശങ്ങള്‍ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്‌.

മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ സൂക്ഷിക്കുന്നത്‌ കുറ്റകരമാണ്‌. ബ്ലുടൂത്ത്‌ ഓഫ്‌ ചെയ്‌തിടാന്‍ മറക്കരുത്‌. അശ്ലീല സന്ദേശങ്ങള്‍ ആര്‍ക്കും അയക്കരുത്‌. പരിചയമില്ലാത്ത നമ്പറില്‍ നിന്ന്‌ മിസ്സ്‌ഡ്‌ കാള്‍ ലഭിച്ചാല്‍ തിരിച്ചു വിളിക്കാതിരിക്കലാണ്‌ നല്ലത്‌. മുതിര്‍ന്നവരുടെ നിയന്ത്രണത്തിലല്ലാതെ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത്‌ ശ്രദ്ധിക്കണം. ഡെബിറ്റ്‌ കാര്‍ഡ്‌/ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍, പിന്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ മൊബൈല്‍ ഫോണില്‍ സൂക്ഷിക്കരുത്‌. മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നതിനു മുമ്പായി അതില്‍ സൂക്ഷിച്ചിട്ടുള്ള വ്യക്തിപരമായ വിവരങ്ങള്‍ എല്ലാം മായ്‌ച്ചു കളയണം. മൊബൈല്‍ ഫോണ്‍ വാങ്ങുമ്പോള്‍ മോഷണ മുതല്‍ അല്ലെന്ന്‌ ഉറപ്പു വരുത്തണം.

ഒടുക്കം

സാംസ്‌കാരികമായും ധാര്‍മികമായും ജാഗ്രത പുലര്‍ത്തുന്ന ഒരു വ്യക്തിക്കേ ഇന്റര്‍നെറ്റിലെ നന്മകളെ ഉപയോഗപ്പെടുത്താനാവൂ. ഇന്റര്‍നെറ്റിനകത്ത്‌ ചെലവഴിക്കുന്ന സമയം ഫലപ്രദമാണെന്ന്‌ ഉറപ്പുവരുത്താന്‍ കഴിയണം. ഇന്റര്‍നെറ്റും നവ, സാമൂഹിക മാധ്യമങ്ങളും നമ്മെ ഉപയോഗപ്പെടുത്തുന്ന അവസ്ഥയല്ല ഉണ്ടാവേണ്ടത്‌. അവയെ നാം ഉപയോഗപ്പെടുത്തുന്ന സാഹചര്യങ്ങളാണ്‌ സൃഷ്‌ടിക്കപ്പെടേണ്ടത്‌. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അതിന്നാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനങ്ങളും ലഭിക്കേണ്ടതുണ്ട്‌. മത- സാംസ്‌കാരിക കൂട്ടായ്‌കള്‍ സൈബര്‍വിംഗുകള്‍ രൂപീകരിക്കുകയും അതിലൂടെ `സൈബര്‍ സാക്ഷരത' (ജാഗ്രത) സാധ്യമാക്കുകയും ചെയ്‌താല്‍ ദുരുപയോഗം തടയാനും ചതിയിടങ്ങളെ പ്രതിരോധിക്കാനും സാധിക്കും.
.

Popular Posts