Skip to main content

Posts

Showing posts from March, 2011

വലക്കണ്ണികളില്‍ ഉലയുന്ന പ്രവാസി കുടും‌ബങ്ങള്‍!

സാ ങ്കേതിക വിദ്യകള്‍ വികസിക്കുകയും ആധുനിക സൗകര്യങ്ങള്‍ വളരുകയും ചെയ്തപ്പോള്‍ പ്രവാസിയുടെ ജീവിതത്തിലുണ്ടായിട്ടുള്ള മാറ്റങ്ങള്‍ നിസ്സാരമല്ല. പണ്ട്, ഒന്ന് ഫോണ്‍ ചെയ്യാന്‍ മണിക്കൂറുകളോളം നാണയത്തുട്ടുകളുമായി വരിനില്‍ക്കേണ്ടതുണ്ടായിരുന്നു. മുന്‍കൂട്ടി പറഞ്ഞുവെക്കണം ഇന്ന ദിവസം ഇന്ന സമയം വിളിക്കുമെന്ന്, പലരുടെയും വീട്ടില്‍ അന്ന് ഫോണില്ലായിരുന്നു. ഫോണുള്ള വീടുകള്‍ നന്നേ കുറവായിരുന്നു. അടുത്ത്, ഫോണുള്ള വീട്ടില്‍ ചെന്ന് കാത്തിരിക്കണം, വിളിയും പ്രതീക്ഷിച്ച്. മണിക്കൂറുകള്‍ വരി നിന്ന് ഫോണ്‍ കയ്യില്‍ കിട്ടിയാലോ ഒന്നോ രണ്ടോ വാക്കുകള്‍ സംസാരിക്കാനായേക്കാം. പിന്നെ അടുത്തൊരു ദിവസം വിളിക്കാമെന്നും പറഞ്ഞ്... എന്നാലും ആ ഒന്നോ രണ്ടോ മിനിട്ട് നീളുന്ന സംസാരം മനസ്സു നിറച്ചിരുന്നു. അന്ന് ആശയവിനിമയത്തിന് കത്തെഴുത്തുമാത്രമായിരുന്നു ഏക മാര്‍ഗം. ആരെങ്കിലും നാട്ടില്‍ പോകുന്നെന്ന് കേട്ടാല്‍ കത്തുകെട്ടുമായി അവിടെ പാഞ്ഞെത്തും. നാട്ടില്‍ നിന്നാരെങ്കിലും വന്നെന്ന് കേട്ടാല്‍ ഒഴിവു ദിവസത്തെ കൂടിച്ചേരല്‍ ഇടങ്ങളില്‍ മണ്ടിപ്പാഞ്ഞെത്തും. ഈ ഒഴിവു ദിനങ്ങളിലെ കൂടിച്ചേരലുകളായിരുന്നു അന്ന്, പ്രവാസിയുടെ മനസ്സ് തണുപ്പിച്ചിരുന്നത്.